അറിയുന്നതില്ലാരുമെന്‍ ആതാമാവിന്‍
നിശബ്ദമായ് തേങ്ങുമീ രോദനം
കണ്ടതില്ലാരുമെന്‍ മനസിന്‍റെ മാനത്ത്
പെയ്യാന്‍ കൊതിച്ചൊരാ മേഘങ്ങളേ
യാത്രയായ് പോയതാമിന്നലെകള്‍
ചക്രവാളങ്ങള്‍ തേടുമൊരു പക്ഷിയെപോല്‍
ഓര്‍മ്മകള്‍ പാറുന്നു
ഏതോ കിനാവിന്‍റെ
തീരങ്ങള്‍ തേടി
അലയുന്നൂ മൂകമായ്
ഒരു ഭ്രാന്തനേപ്പോല്‍
ഒരു ദിവാസ്വപ്നത്തെ
പിന്തുടര്‍ന്നെത്തീ ഞാനീ
പഴയകാലത്തിന്‍റെ നിലവറയില്‍...
**********
തുമ്പയും കൈതയും മുക്കുറ്റിപ്പൂവും
കൊങ്ങിണിക്കാടും വയലേലകളും
തോടും കുളങ്ങളും കുളക്കോഴിക്കൂട്ടവും
കുന്നിന്‍പുറങ്ങളും ചെമ്മണ്‍വഴികളും
അമ്പലം തന്നിലെ ഗായത്രിമന്ത്രവും
അമ്പലപ്രാവിന്‍റെ കുറുകലും
അരയാലിന്‍ ഇലകളെ തഴുകി തലോടി
സദാ ഗീതം പൊഴിക്കുമീ തെന്നലും
ചേര്‍ന്നൊരീ ശാന്തമാം ഗ്രാമത്തില്‍
എന്‍ ഓര്‍മ്മകള്‍ പുനര്‍ജനിക്കുമ്പോള്‍
വെറുമോരോര്‍മ്മയായ്
ഈ ഞാനും പുനര്‍ജനിക്കുന്നു
**********
ഇതാണെന്‍ ഓര്‍മ്മയിലെ വൃന്ദാവനം
ഗോക്കളും ഗോപികമാരുമായ് ഞാനീ
വൃന്ദാവനം തന്നില്‍ ജീവിച്ചു പോരവേ
കണ്ടു ഞാന്‍ രാധയെ
കണ്ണന്‍റെ തോഴിയെ
ആരിവള്‍!!!
ദേവലോകത്തിലെ അപ്സരസോ
ഗാന്ധര്‍വലോകത്തെ സുന്ദരിയോ
എന്‍ മാനസം തേടുന്ന താരകമോ!!!
എവിടെയോ എപ്പോഴോ എന്നിലെ കാര്‍വര്‍ണ്ണന്‍
സാക്ഷാല്‍ കൃഷ്ണനായ് മാറിയതറിയുന്നു ഞാന്‍
രാധതന്‍ കണ്ണനായി മാറിയെന്നറിയുന്നു ഞാന്‍!!!
**********
പൂവിടും മുന്‍പ് ഞാന്‍ മധുരക്ക് പോയതും
നിശബ്ദപ്രണയത്തിന്‍ നോവതില്‍ ഞാനൊരു
വേടന്‍റെ ശരമേറ്റ പക്ഷിയായ്
ചിറകിട്ടടിച്ചതും വീണു പിടഞ്ഞതും
നീ അറിയാതെ പോയതെന്തേ സഖി!!!
**********
മധുരയില്‍ നിന്ന് ഞാനീ വൃന്ദാവനത്തില്‍
തിരികെയെത്തീയെന്നതറിയാമതെങ്കിലും
എന്തേ നീ എന്‍ ഗാനം കേട്ടതില്ല
മാറത്തണയുവാന്‍ വന്നതില്ല
ഒടുവില്‍ ഞാന്‍ വന്നൂ നിന്‍ തിരുമുഖം കാണുവാന്‍
കദനം നിറഞ്ഞോരാ നിന്‍ മിഴി കാണുവാന്‍
പരിഭവം നിറഞ്ഞോരാ നിന്‍ മൊഴി കേള്‍ക്കുവാന്‍
പരിതാപത്തോടെ എന്‍ മാറത്തു ചേര്‍ ക്കുവാന്‍
എന്നിട്ടുമെന്തേ എന്‍ ചാരെ നീ വന്നീല്ല !
നൊമ്പരത്തോടെ നിന്‍ പരിഭവം ചൊല്ലീല്ല!
സ്നേഹത്തോടെന്നെ നീ വാരി പ്പുണര്‍ന്നീല്ല!
മാധുര്യമേറുമാ ചുംബനം തന്നീല്ലാ!
രാധേ മറന്നുവോ നീയീ-
വൃന്ദാവനത്തിലെ കണ്ണനെ
രാവില്‍ മയങ്ങുവാനാവാതെ
തേങ്ങുമൊരു യാദവഗോകുലപാലനെ!
**********
ഇനി ഞാന്‍ വരില്ല നിന്‍
വഴികളില്‍ നിഴലു പോല്‍
ഇനി ഞാന്‍ വരില്ല നിന്‍
പടവിലൊരു ശലഭമായ്
മൃതി ഒരു ഭ്രിത്യനായ് പിന്തുടര്‍ന്നീടവേ
സ്വച്ഛ്മൊരു തെന്നലായി നിന്‍ സ്മൃതി
എന്‍ ആത്മാവിന്‍ മൃതിയെ ജയിച്ചമൃത-
സഞ്ജീവനിയായ് എന്നില്‍ നിറയുമോ!
ജീവനില്‍ ശ്രുതി മീട്ടുമോ!
എന്നെ പുനര്‍ജനിപ്പിക്കുമോ!
എന്നെ പുനര്‍ജനിപ്പിക്കുമോ!!!