Friday, 19 April 2013

മീരാ നീയെവിടേ...


പ്രിയ തോഴി നീ അറിയുന്നുവോ

നിറയുന്നോരെന്‍ ഈ ഗദ്ഗദം

കാണാതെ നീ മറയുന്നുവോ

ഉതിരുന്നോരീ മിഴിനീര്‍കണം


അറിയില്ല എന്‍ പ്രിയേ അകലത്തിരുന്നു നാം

അറിയാതടുത്തതും അണയാന്‍ കൊതിച്ചതും

അനുരാഗമെന്നൊരു ശിഖരത്തില്‍ നിന്നു നാം

പ്രണയാര്‍ദ്രമായൊരു ഗീതം പൊഴിച്ചതും

വിരഹാര്‍ദ്ര സന്ധ്യയില്‍ വിറയാര്‍ന്ന കൈവിരല്‍

തുമ്പിനാല്‍ പിടയുമീ വീണതന്‍ നാദവും

പ്രിയതോഴി നീ അറിയുന്നുവോ....


ഒരുനാളും തമ്മില്‍ നാം കണ്ടില്ലയെങ്കിലും

മനസ്സിന്‍റെ കണ്ണില്‍ നീ മായാതിരിപ്പൂ

നീയെങ്ങു പോയിന്നു മറയുന്നുവോ

ഇനി നാമൊന്നായ് ചേരില്ലയോ

ഇനിയുമീ വേദന താങ്ങുവാനാവില്ല

തിരികെ വന്നോര്‍മ്മകളെടുത്തു കൊള്‍ക

എന്‍റെ കരളിന്‍റെ വ്യഥ നീ എടുത്തു കൊള്‍ക...

പ്രണയം


അത് തിരകളായിരുന്നു

മെല്ലെ പാദങ്ങളെ ചുംബിച്ച തിരകൾ 


പിന്നെടെപ്പോഴോ അഗാധതയിൽ നിന്നും 

അനന്തതയിലേക്കുയർന്ന്; എന്നിലാകെ പടർന്ന്


പുനർനിർമ്മിക്കാനാവാത്ത വിധം 

തകർത്ത്; പിൻവാങ്ങിയ തിരകൾ 

മീരാ...




നീ നിറതിങ്കളായിരുന്നു
നിന്നോർമ്മകൾ ആത്മാവിൽ
നിലാവ് പൊഴിച്ചിരുന്നു

നീയെന്നുള്ളിൽ ലോപിച്ച് വരുന്നതും
ഒരു അമാവാസി ദിനത്തിൽ
ഞാൻ സ്വതന്ത്രനാകുന്നതും
സ്വപ്നം കണ്ടു... എന്നാൽ ഇന്ന്

വീണ്ടും ഓർമ്മകൾ ഉദിക്കുന്നു
നീ പൗർണ്ണമിയാകുന്നു
എന്നെ വേട്ടയാടുന്നു.

നിശാഗന്ധിപ്പൂക്കൾക്ക് നിന്‍റെ ഗന്ധമാണ്
നിലാവിന് നിന്‍റെ പുഞ്ചിരിയാണ്
നക്ഷത്രങ്ങൾക്ക് നിന്‍റെ കണ്ണിന്‍റെ തിളക്കമാണ്
ഇന്ന് രാക്കിളികൾ പാടുന്നത് എന്‍റെ വേദനയാണ്
നിന്നെ ഞാൻ എങ്ങനെ മറക്കും

മറവിയെന്നാൽ മരണമാണ്
നിന്നിൽ ഞാൻ മരിച്ചു കഴിഞ്ഞു
എന്നിൽ നീ പുനരുദ്ധരിക്കുന്നു
ഓർമ്മകൾ അമർത്യമാകുന്നു
ജീവിതം വ്യർഥമാകുന്നു

ഇനിയുമൊരു ജന്മം നാം കണ്ടുമുട്ടാം
വൃന്ദാവനത്തിൽ നാമൊന്നു ചേരാം
യമുനാതീരത്ത് പാട്ടുപാടാം
നീ ദ്വാപര ഗോപിക രാധയാകൂ
എന്നോർമ്മയിൽ മീരയായ് പുനർജ്ജനിക്കൂ

കല്ലുകൾ


എന്‍റെ കൈകളേക്കാൾ 

കല്ലുകൾ എന്നും ഇഷ്ടപ്പെട്ടത് 


ഭൂമിയുടെ ഗുരുത്വാകർഷണമായിരുന്നു



അവരെ ഞാൻ കൈ വിട്ടത് 


അവരുടെ ഇഷ്ടങ്ങളിലേക്കായിരുന്നു