Friday, 5 October 2012

മീസാന്‍കല്ലുകള്‍


മുപ്പത്തിരണ്ട് വര്‍ഷത്തെ പ്രവാസജീവിതം കൊണ്ട് ഞാന്‍ നേടിയതെന്താണ്... ഒരു പാട് വേദനകളും മറക്കാന്‍ കഴിയുന്നതിലേറെ ഓര്‍മ്മകളും... അല്ലെങ്കില്‍ ഏതായിരുന്നു എന്‍റെ പ്രവാസജീവിതം... ജനനം മുതല്‍ ഇരുപത്തിമൂന്ന് വര്‍ഷം ഞാന്‍ ജീവിച്ച ഈ നാട്ടിലോ അതോ പിന്നീടുള്ള മുപ്പത്തിരണ്ടു വര്‍ഷം ഞാന്‍ ഹോമിച്ച ആ മണലാരണ്യത്തിലോ... എവിടേ ആയിരുന്നു എന്‍റെ പ്രവാസജീവിതം... ഗള്‍ഫില്‍ ഞാന്‍ പരദേശിയായിരുന്നു. ഒരു ഇന്ത്യക്കാരന്‍......... പക്ഷെ സ്വന്തം നാട്ടില്‍ ഞാന്‍ ഗള്‍ഫുകാരന്‍.... അബൂബക്കര്‍............  സ്വന്തം വീട്ടിലും നാട്ടിലും അഥിതിയായി താമസ്സിക്കേണ്ടി വരിക... എല്ലാം നേടിയവന്‍ എന്ന് മറ്റുള്ളവര്‍ പറയുമ്പോഴും, സ്വന്തം ജീവിതമടക്കം എല്ലാം നഷ്ടപ്പെടുത്തുകയായിരുന്നു എന്ന തിരിച്ചറിവ് മനസ്സിനെ വല്ലാതെ വേട്ടയാടിക്കൊണ്ടിരിക്കുന്നു... സഹോദരിമാരുടെ നിക്കാഹ് നല്ല നിലയില്‍ നടത്തി... സ്വന്തമായി ഒരു ഇരുനില മാളിക പണിതീര്‍ത്തു... കാറ് വാങ്ങി... മകളെ നല്ല രീതിയില്‍ പഠിപ്പിച്ചു...  ഒടുവില്‍ എല്ലാം നേടി എന്ന് തെറ്റിദ്ധരിച്ചു തിരികെ വരാനിരിക്കെയാണ് കദീജയുടെ മരണം.

കദീജാ, എനിക്ക് നിന്നോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിരുന്നോ??? ഈ ജന്മത്തില്‍ നമ്മള്‍ ഭാര്യഭര്‍ത്താക്കന്മാര്‍ ആയി കഴിഞ്ഞത് വെറും ഇരുപത്തെട്ടു നാള്‍... നിക്കാഹ് കഴിഞ്ഞതിന്‍റെ ഏഴാം നാള്‍ ഗള്‍ഫിലേക്ക് തിരികെ പോകേണ്ടി വന്നു... വിരുന്നും സല്‍ക്കാരവും കഴിഞ്ഞു കിടപ്പറയില്‍ നാമൊന്നായത് വെറും മൂന്നു നാള്‍....--എങ്കിലും ആ ദിവസങ്ങളില്‍ തന്നെ നമ്മുടെ ജീവന്‍റെ ജീവനെ ഞാന്‍ നിന്‍റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചത് ഞാന്‍ തിരികെ വരുന്നത് വരെ നിനക്ക് ഒരു കൂട്ടായിരിക്കാനായിരുന്നു... നമ്മുടെ മകള്‍ നൂര്‍ജഹാന്‍ അവളല്ലായിരുന്നോ നിനക്കാകെ ഉണ്ടായിരുന്ന സന്തോഷം... അവളുടെ ഓരോ വളര്‍ച്ചയും ഞാന്‍ എന്‍റെ ഖല്‍ബില്‍ കാണുകയായിരുന്നു... നിന്‍റെ വയറില്‍ ഫോണിന്‍റെ റീസീവര്‍ ചേര്‍ത്തുവച്ചു ഞാന്‍ ആദ്യമായി എന്‍റെ മകള്‍ക്ക് ഉമ്മ കൊടുത്തത്... എല്ലാം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു...

കദീജാ,നിന്നെ ഓര്‍ക്കുന്ന രാത്രികളില്‍ എവിടെ നിന്നോ ഒരു പാരിജാത പൂവിന്‍റെ സുഗന്ധം എന്‍റെ ജാലകത്തിലൂടെ കടന്നു വരാറുണ്ട്... അന്ന് നീ മണിയറയിലേക്ക് കടന്നു വന്നപ്പോള്‍ പൂശിയ അത്തറിനും അതേ സുഗന്ധമായിരുന്നില്ലേ???   

*********************

അന്ന് നമ്മുടെ കുഞ്ഞ് ഭൂമിയില്‍ പിറന്നു വീണ ദിവസം ക്യാമ്പിലെ എല്ലാവര്‍ക്കും എന്‍റെ വക ബിരിയാണി വിളമ്പി... അന്ന് സലിം പറഞ്ഞു "അബുവിന് ഇനിയും ഇവിടെ തുടരാന്‍ ഒരു കാരണം കൂടിയായി... മകളെ നിക്കാഹ് കഴിപ്പിച്ചയക്കണ്ടേ..." 

"അല്ലെങ്കിലും ഓരോ പ്രവാസിയും ജീവിക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയല്ലേ" പാലക്കാരന്‍ ജോസഫിന്‍റെ കമന്റ്‌ 

"രാഘവേട്ടന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഉപദേശിച്ചേനെ... ജീവിക്കുക എന്ന പ്രയോഗം തെറ്റാണു ജോസപ്പേ, പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി നാം ജീവിക്കുകയല്ല... അവര്‍ക്ക് വേണ്ടി നാം മരിക്കുകയാണ് ചെയ്യുന്നത്... ജീവിതമെന്നാല്‍ നാം ജനിച്ച മണ്ണില്‍ നമ്മുടെ ഇച്ഛക്കനുസരിച്ച് ജീവിക്കുന്നതാണ്... ഇത് മരണമാണ്... ഇവിടെ നാം ജീവിക്കുകയല്ല, ഓരോ ദിവസവും ഹോമിക്കുകയാണ് ചെയ്യുന്നത്... ഈ ജീവിതമാണ് നമ്മുടെ മരണം" രാഘവേട്ടന്‍റെ ശബ്ദം അനുകരിച്ചു കൊണ്ട് നിസ്സാര്‍ അത് പറഞ്ഞപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ നിറയുന്നത് ഞാന്‍ അറിഞ്ഞു.

രാഘവേട്ടന്‍; ഞാന്‍ ക്യാമ്പില്‍ വരുമ്പോള്‍ അദ്ദേഹമായിരുന്നു ആ ക്യാമ്പിലെ സീനിയര്‍... അന്ന് തന്‍റെ നേര്‍പകുതി പ്രായം മാത്രമുള്ള എന്നെ മകനെപ്പോലെയാണ് അദ്ദേഹം സ്നേഹിച്ചത്... വിധവയായ ഉമ്മ... യൌവനത്തിലേക്ക് അതിവേഗം ഓടിയെത്തുന്ന നുസൈബയും ഷെബാനയും... ചിറകിനു ശക്തി വക്കുമ്പോഴേക്കും എടുക്കാനാവാത്ത ജീവിതഭാരം എന്‍റെ തോളിലായികഴിഞ്ഞു... എന്‍റെ പ്രാരാബ്ധങ്ങള്‍ മുഴുവന്‍ ഞാന്‍ പറഞിരുന്നതും മനസ്സ് തുറന്നു കരഞ്ഞിരുന്നതും രാഘവേട്ടന്‍റെ മുന്നില്‍ മാത്രമായിരുന്നു...    


"മോനെ അബൂട്ടി, പ്രിയപ്പെട്ടവരുടെ പൊട്ടിച്ചിരി കാണാന്‍ സ്വന്തം പുഞ്ചിരി പോലും ഞാന്‍ എന്നേ മറന്നു കഴിഞ്ഞു... സഹോദരിമാരുടെ കല്യാണം, അവരുടെ പ്രസവം, അനുജന്‍റെ പഠനം, വീട് പണി എല്ലാം കഴിഞ്ഞപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് ഞാന്‍ ജീവിക്കാന്‍ മറന്നു പോയിരുന്നു എന്ന്... സ്വപ്നങ്ങള്‍ കാണാന്‍ മറന്നു പോയെന്നു... ഇപ്പോള്‍ ലീവ് കിട്ടിയാലും ഞാന്‍ വീട്ടില്‍ പോകാറില്ല... കാരണം കുടുംബമായി കഴിയുന്ന സഹോദരനും സഹോദരിമാര്‍ക്കും ഞാന്‍ ഒരു അധികപ്പറ്റാണ്... എങ്കിലും അവരുടെ ആവശ്യങ്ങള്‍ തീരുന്നില്ല... ഇപ്പോള്‍ മരുമകള്‍ക്ക് കല്യാണം വരുന്നുണ്ടെന്ന്... മൂത്തമ്മാവന്‍ കയ്യയച്ചു സഹായിക്കണമെന്ന്... ഒറ്റത്തടിയല്ലേന്നു.... അല്ലെങ്കിലും എന്നാണ് ഞാന്‍ എന്‍റെ കൈകള്‍ മുറുകെ പിടിച്ചിരുന്നത്... അല്ല; ഇനി എനിക്കെന്തിനാ പണം... അവര്‍ ജീവിക്കട്ടെ... നക്ഷത്രങ്ങളെ നോക്കി രാഘവേട്ടനിതു പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകളിലും രണ്ടു നക്ഷത്രങ്ങള്‍ ഉദിച്ചിരുന്നു... അത് അടര്‍ന്നു കവിളിലൂടെ താഴെ വീണു ഇല്ലാതാകുന്നത് ഞാന്‍ ശ്രദ്ധിച്ചു.

ഷെബാനയുടെയും നുസൈബയുടെയും നിക്കാഹിനു പോകാന്‍ കഴിയാതെ ക്യാമ്പില്‍ ഇരുന്നു കരഞ്ഞപ്പോള്‍ രാഘവേട്ടന്‍ പറഞ്ഞു... "കരയരുത്... ഓരോരുത്തര്‍ക്കും ഓരോ ജന്മലക്ഷ്യങ്ങള്‍ ഉണ്ട്... നിനക്ക് അവരോടുള്ള കടമ നീ ഭംഗിയായി നിറവേറ്റിയിരിക്കുന്നു... ഇനി നിന്‍റെ നിക്കാഹ്  നടത്തുക... ഒന്ന് രണ്ടു വര്‍ഷം കൂടി ഇവിടെ നിന്ന് പിന്നെ നമ്മുടെ നാട്ടിലേക്കു മടങ്ങുക... തുമ്പിയും തുമ്പപൂക്കളും അണ്ണാനും വ ണ്ണാത്തിപ്പുള്ളുകളും പൂക്കളും പൂമ്പാറ്റകളുമുള്ള  ഒരു താഴ്വാരത്തില്‍ ഒരു കൊച്ചു വീടുണ്ടാക്കുക... അവിടെ ബീവിയും രണ്ടു മൂന്നു കുട്ടികളുമായി ഒരുമിച്ചു താമസിക്കുക... അതാണടോ സ്വര്‍ഗ്ഗം... അല്ലാതെ നമ്മള്‍ മരിച്ചതിനു ശേഷം കിട്ടുന്നതല്ല." അത് കേട്ട് ഞാന്‍ പുഞ്ചിരിച്ചപ്പോള്‍ "കണ്ടോ കണ്ടോ ഇല്ലാത്ത ബീവിയെ കുറിച്ച് പറഞ്ഞപ്പോള്‍ ചെക്കന്‍റെ സന്തോഷം കണ്ടോ" എന്ന് കളിയാക്കി തോളില്‍ പിടിച്ചു ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോയ രാഘവേട്ടന്‍.


കദീജാ, ഉമ്മ നിന്‍റെ ഫോട്ടോ എനിക്കയച്ചു തന്നത് ഞാനാദ്യം കാണിച്ചതും രാഘവേട്ടനെ ആയിരുന്നു.

"കൊള്ളാം; മൊഞ്ചത്തി. ഏതെങ്കിലും കള്ള ഹിമാറ് വന്നു അവളെ തട്ടിയെടുക്കുന്നതിനു മുന്‍പ് ഒരു സുല്‍ത്താനെ പോലെ പോയി  ഈ ഹൂറിയെ  സ്വന്തമാക്കാടാ!!! ഹ ഹ ഹ" ഇതും പറഞ്ഞു സ്വത സിദ്ധമായ ശൈലിയില്‍ പൊട്ടിച്ചിരിച്ചു കൊണ്ട് അദ്ദേഹം പോയി. പിന്നീടു മറ്റേതോ ക്യാമ്പിലേക്ക് പോയ രാഘവേട്ടന്‍ തിരികെ വന്നത് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു... വന്നയുടെനെ അദ്ദേഹം തിരക്കി.

"എന്തായി, തന്‍റെ മൊഞ്ചത്തി കദീജയുടെ കാര്യം???"


"അതൊന്നും നടക്കൂലെന്‍റെ രാഘവേട്ടാ... ഓള്‍ടെ പൊരേല് നിക്കാഹ് ഇപ്പൊ നടത്തണന്നാ... ഷെബാനയുടെ നിക്കാഹിന്‍റെ കടങ്ങള്‍ ഇതുവരെ തീര്‍ന്നിട്ടില്ല... പിന്നെങ്ങനെയാ... അതൊന്നും നടക്കൂല്ല"

"അബൂട്ടി; കല്യാണമൊക്കെ സമയത്ത് തന്നെ കഴിക്കണം... പിന്നെ ദുഖിച്ചിട്ട് കാര്യമില്ല... നിനക്കിപ്പോള്‍ എത്ര രൂപയുണ്ടെങ്കില്‍ കല്യാണം കഴിക്കാം?"

"അത് പിന്നെ രാഘവേട്ടാ ഒരു രണ്ടു രണ്ടര ലക്ഷം രൂപെങ്കിലും ഇല്ലാതെങ്ങനെയാ???

"അത്രേ അല്ലെയുള്ളൂ, നീയാദ്യം ലീവ് കിട്ടുമോന്നു നോക്ക്" അതും പറഞ്ഞു പുറത്തു പോയ അദ്ദേഹം വന്നത് എനിക്ക് വേണ്ട കാശുമായിട്ടാണ്.

"ഇത് മൂന്ന് ലക്ഷം രൂപയുണ്ട്... നാളെ ഞാനൊരു ഓട്ടം പോവുകയാണ്... എത്ര ദിവസം കഴിഞ്ഞാണ് വരുന്നതെന്ന് പറയാന്‍ പറ്റില്ല."


"രാഘവേട്ടാ; ങ്ങള്‍ക്ക് പണത്തിനു ആവശ്യമുള്ളതല്ലേ? അതു കൊണ്ട്.........."

"എനിക്കെന്തിനാടാ പണത്തിനാവശ്യം. ഇനി എനിക്ക് വേണ്ടത് ഒരു മണ്‍കുടം മാത്രം... എന്‍റെ ചിതാഭസ്മം നിറക്കാന്‍... ഇത്രയും ഞാന്‍ വീട്ടുകാര്‍ക്ക് വേണ്ടി ചെയ്തതല്ലേ... അതെങ്കിലും അവര്‍ എനിക്ക് തരുമായിരിക്കും...ഹ ഹ ഹ" ചിരിയുടെ അകമ്പടിയോടെ അതും പറഞ്ഞു ആ രാത്രി തന്നെ അദ്ദേഹം യാത്രയായി.

ഒരാഴ്ചക്കുള്ളില്‍ തന്നെ ലീവ് ശരിയായി.യാത്രയാകുന്ന ദിവസം ഞാന്‍ രാഘവേട്ടനെ വിളിച്ചു. "രാഘവേട്ടാ, വരാന്‍ കഴിയില്ല എന്നെനിക്കറിയാം, എങ്കിലും എന്നെ അനുഗ്രഹിക്കണം."

"എനിക്ക് പിറക്കാതെ പോയ എന്‍റെ ഉണ്ണിയല്ലെടോ താന്‍...... നിനക്ക് നന്മയെ വരൂ... ഹ ഹ ഹ " അപ്പോഴേക്കും കോള്‍ ഡിസ്കണക്ട് ആയി"

പിന്നെ വീട്ടിലെത്തി കല്യാണ മേളങ്ങള്‍ ആയിരുന്നു... രണ്ടാഴ്ചക്കുള്ളില്‍ തന്നെ നിക്കാഹും കഴിഞ്ഞു... നിക്കാഹിന്‍റെ ദിവസം രാത്രിയില്‍ സലിമിന്‍റെ കോള്‍ വന്നിരുന്നു... മണിയറയില്‍ പ്രവേശിക്കുമ്പോള്‍ സാധാരണ സുഹൃത്തുക്കള്‍ ചെയ്യുന്ന പണിയായിട്ടെ കരുതിയിരുന്നുള്ളൂ. അതുകൊണ്ട് അമ്മായി വിളിച്ചിട്ടും "തിരിച്ചു വിളിക്കാമെന്ന് പറഞ്ഞേക്കൂ" എന്ന് അറയില്‍ നിന്ന് വിളിച്ചു പറഞ്ഞതെയുള്ളൂ... അമ്മായി എന്തോ സംസാരിക്കുന്നതും പറയാമെന്നു പറഞ്ഞു ഫോണ്‍ ഡിസ്കണക്ട് ചെയ്യുന്നതും ഞാന്‍ കേട്ടു.

മധുവിധുവിന്‍റെ ആദ്യ രണ്ടുനാളുകള്‍ക്കുശേഷം മൂന്നാം ദിനം ഉച്ചക്കാണ് സലിമിന്‍റെ ഫോണ്‍ വീണ്ടും വന്നത്.

"അബൂ, മ്മടെ രാഘവേട്ടന്‍ പോയടാ... മിനിഞ്ഞാന്ന് രാത്രി ഒരു റോഡ്‌ ആക്സിഡണ്ടു ആയിരുന്നു... ഇന്ന് ബോഡി വീട്ടിലെത്തിയിട്ടുണ്ടാവും" ആരോ തലയില്‍ കൂടം കൊണ്ട് അടിച്ചത് പോലെ... ഒരു തരം മരവിപ്പ്.

ഏതാണ്ട് ആറരയോടു കൂടെ രാഘവേട്ടന്‍റെ വീട്ടില്‍ എത്തിയിരുന്നു... പക്ഷെ അപ്പോഴേക്കും,അദ്ദേഹം പറഞ്ഞ ആ മണ്‍കുടത്തിലേക്ക് അദ്ദേഹം കയറികഴിഞ്ഞിരുന്നു... ആ ദിവസമാകെ കണ്ണടച്ചാല്‍ രാഘവേട്ടന്‍റെ മുഖമായിരുന്നു മുന്‍പില്‍.... "എനിക്ക് പിറക്കാതെ പോയ എന്‍റെ ഉണ്ണിയല്ലെടോ താന്‍...... നിനക്ക് നന്മയെ വരൂ... " ആ രാത്രി മുഴുവന്‍ എന്‍റെ മിഴിനീരു കൊണ്ട് ഞാന്‍ അദ്ദേഹത്തിന് തര്‍പ്പണം ചെയ്യുകയായിരുന്നു...

പിറ്റേന്ന് കമ്പനിയില്‍ നിന്നും ഫ്ലൈറ്റ് ടിക്കറ്റും അവരുടെ വിളിയും വന്നു... അങ്ങനെ എഴാം നാള്‍ വീണ്ടും ആ മായിക ലോകത്തേക്ക്...

********************

രാഘവേട്ടന്‍ ഇല്ലാത്ത ക്യാമ്പ്‌...... സൈഡിലെ കട്ടില്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു... തൊണ്ടയില്‍ എന്തോ തടഞ്ഞു നില്‍ക്കുന്നത് പോലെ ഒരു വേദന... രാത്രിയില്‍ എഴുന്നേറ്റു ടെറസ്സിനു മുകളില്‍ ചെന്ന് മാനം നോക്കി കിടന്നു... ഓര്‍മ്മകളില്‍ നിന്ന് രക്ഷപ്പെടാന്‍... അപ്പോള്‍ മാനത്തു നിന്നും രണ്ടു നക്ഷത്രങ്ങള്‍... രാഘവേട്ടന്‍റെ കണ്ണില്ലൂടെ ഭൂമിയിലേക്കടര്‍ന്നു വീണ അതെ നക്ഷത്രങ്ങള്‍... എന്‍റെ കണ്ണുകളില്‍ വന്നു നില്‍ക്കുന്നതായി എനിക്ക് തോന്നി.

പിന്നീടങ്ങോട്ട് ഒരു യാത്രയായിരുന്നു... രാഘവേട്ടനെ മറന്നു, രാഘവേട്ടന്‍റെ ഉപദേശങ്ങളെ മറന്ന്... എന്തൊക്കെയോ നേടിയെടുക്കാനുള്ള ഒരു യാത്ര... പൂക്കളും ശലഭങ്ങളും, തുമ്പിയും തുമ്പപ്പൂക്കളുമുള്ള താഴ്വാരത്തിലല്ല... നഗരത്തോട് ചേര്‍ന്ന് ഒരു ബംഗ്ലാവ്... ജീവിതത്തിന്‍റെ പകുതിഭാഗവും അതിനായി ചിലവിട്ടു... നൂര്‍ജഹാനെ എം ബി ബി എസ്സിന് ചേര്‍ത്തു... അവള്‍ക്കും വിവാഹപ്രായമെത്തിയിരിക്കുന്നു... അതിനുള്ള പണം നേടാനായിരുന്നു പിന്നീടുള്ള യാത്ര... മകളെ ഹോസ്റ്റലില്‍ ആക്കിയപ്പോഴും കദീജ ഒറ്റക്കാനെന്നുള്ള ചിന്തയേക്കാള്‍ അധികമായിരുന്നു അവളെ കൂടെ താമസ്സിപ്പിച്ചാല്‍ വരുന്ന അധിക ചിലവുകളെ കുറിച്ചുള്ള ആവലാതികള്‍ "ഫ്ലാറ്റ് മാറണം ... മറ്റു സാധങ്ങള്‍ വാങ്ങണം അത് കൂടി നമുക്ക് സേവ് ചെയ്താല്‍   രണ്ടു വര്‍ഷത്തിനുള്ളില്‍ എനിക്കെല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് വരാന്‍ കഴിയും... അത് വരെ ഒന്ന് അഡ്ജസ്റ്റ് ചെയ്യു കദീജാ!!!"

പാവം ഒരു പരിഭവവും പറയാതെ അതും സമ്മതിച്ചു... പക്ഷെ കൂടെ പഠിച്ചിരുന്ന ഒരു യുവ ഡോക്റ്ററോടൊപ്പം വിവാഹം രജിസ്റ്റര്‍ ചെയ്തു മകള്‍ ലണ്ടനിലേക്ക് പോയത് അവള്‍ക്കു താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു... ആ വാര്‍ത്തയറിഞ്ഞതോടെ ആ ഹൃദയം നിലച്ചു...


മരണവിവരമറിയിക്കാന്‍ നാട്ടില്‍ നിന്നും കമ്പനിയിലേക്ക് വിളിച്ചിരുന്നു... അപ്പോഴേക്കും ഒരു കപ്പലിലെ അറ്റകുറ്റ പണികള്‍ക്കായി ഞങ്ങള്‍ പുറം കടലിലേക്ക്‌ പോയിരുന്നു... ഒരാഴ്ച്ചക്കു ശേഷമാണ് മരണവിവരം ഞാന്‍ അറിയുന്നത്... കപ്പലില്‍ നിന്നും അവര്‍ ലീവ് അനുവദിച്ചു തന്നെങ്കിലും പോയില്ല... ഇനിയവിടെ പോയിട്ടെന്തു കാര്യം... എന്തായാലും ഒരാഴ്ച്ചക്കുള്ളില്‍ അതിലെ ജോലി പൂര്‍ത്തിയാക്കി, ആ നഗരത്തോട് എന്നന്നേക്കുമായി യാത്ര പറയാന്‍ കഴിഞ്ഞു...

"അബുമാമ; വീടെത്തി; ഷെബാനയുടെ മകന്‍ നൌഷാദ് കാറുമായി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു... അവന്‍റെ കയ്യില്‍ നിന്നും താക്കോല്‍ മേടിച്ചു ഗേറ്റ് തുറന്നു... എങ്ങു നിന്നോ അവിടേക്കെത്തിയ ഇളം കാറ്റിനും പാരിജാതപൂവിന്‍റെ മണമായിരുന്നു... അതെന്നെ തഴുകി തലോടി എങ്ങും പോകാതെ മടിച്ചു നിന്നു... ഞാന്‍ വാതില്‍ തുറന്നു അകത്തു കയറിയപ്പോള്‍ കദീജയുടെ നിശ്വനങ്ങള്‍  എന്‍റെ കാതില്‍ വന്ന് എന്തോ പരിഭവങ്ങള്‍ എന്നോട് പറയുന്നതായി തോന്നി.

"അബുമാമ; അവിടെ എല്ലാവരും കാത്തിരിക്കുന്നു... നമുക്ക് അങ്ങോട്ട്‌ പോവാം" നൌഷാദ് അക്ഷമനായി.

നീ പോയ്‌ക്കോളൂ... ഞാന്‍ തനിയെ എത്തിയേക്കാം."
നൌഷാദ് യാത്ര പറഞ്ഞിറങ്ങി.   ഞാന്‍ പതിയെ വീടിന്‍റെ മുകളിലെ നിലയിലേക്ക് കയറി. അവിടെ പടിഞ്ഞാറു ഭാഗത്തേക്ക്‌ തുറക്കുന്ന ഒരു ജനാലയുണ്ട്... ഞാന്‍ അത് തുറന്നു... ദൂരെ ചുവന്നു തുടുത്ത ചക്രവാളം... അങ്ങ് ഒരു കുന്നിന്‍ ചെരുവില്‍ ഒരു പഴയ മസ്ജിദ.അതിനോട് ചേര്‍ന്ന് ഒരു ശവപ്പറമ്പ്... അന്ന് മരിച്ച ആരെയോ അടക്കം ചെയ്യാന്‍ മഞ്ചലില്‍ ചുമന്നു കൊണ്ട് പോകുന്നു.

ഈ ജീവിത യാത്രയില്‍ ഞാന്‍ നേടിയതെന്താണ്? ഇനി എന്താണ് ഞാന്‍ നേടേണ്ടത്? ചിന്തകളില്‍ മുഴുകി നില്‍ക്കവേ സൂര്യന്‍ അസ്തമിച്ചതും അങ്ങ് ദൂരെ ചന്ദ്രനുദിച്ചതും ഞാന്‍ അറിഞ്ഞില്ല... നിലാവില്‍ ആ ശവപ്പറമ്പിലെ മീസാന്‍കല്ലുകള്‍ അപ്പോഴും എന്നെ നോക്കി പുഞ്ചിരിതൂകുന്നുണ്ടായിരുന്നു.

***********************************








Sunday, 26 August 2012

പ്രണയത്തിന്‍റെ അന്ത്യാക്ഷരി


മീര എന്ന എന്‍റെ പ്രണയിനിയെ പലര്‍ക്കും അറിയാം
പക്ഷേ; നമ്മള്‍ ആരായിരുന്നു എന്ന് നമുക്കല്ലേ അറിയൂ???

ഇല്ല!!! നമ്മളും പരസ്പരം അറിഞ്ഞിരുന്നില്ല

നിന്നെ ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍
ഇത്രയും അന്ധമായി ഞാന്‍ നിന്നെ പ്രണയിക്കുമായിരുന്നില്ല...

നീയെന്നെ മനസ്സിലാക്കിയിരുന്നെങ്കില്‍
ഈ സ്നേഹം നീ നഷ്ടപ്പെടുത്തുമായിരുന്നില്ല...

ഇപ്പോള്‍ നമുക്ക് രണ്ടുപേര്‍ക്കും നഷ്ടപ്പെട്ടത് ഒന്ന് തന്നെയാണ്.
നിനക്ക് എന്നെ നഷ്ടപ്പെട്ടതുപോലെ
എനിക്കും എന്നെ നഷ്ടപ്പെട്ടിരിക്കുന്നു...

മീരാ; ഇന്നു ഞാന്‍ കൊതിക്കുന്നത് മരണത്തിനു വേണ്ടിയാണ്
അത് ഈ ജീവിതം മടുത്തിട്ടല്ല..
നാമ്മൊന്നായ്‌ ചേരാനുള്ള  ഒരു പുനര്‍ജന്മത്തിന്


വ്യര്‍ത്ഥമായ ഈ കാത്തിരിപ്പ്‌ പോലും ഒരു മരണമല്ലേ.
അതിനാല്‍; സമാന്തരങ്ങളായ ജീവിതപാതയിലൂടെ
നമുക്ക് യാത്രയാവാം...

ചക്രവാളങ്ങള്‍ക്കുമപ്പുറത്തേക്ക്‌. ....
ഈ ജീവിതാസ്തമയം തേടി
ഒരു പുതുജന്മത്തിന്‍റെ ഉദയം തേടി

Friday, 20 July 2012

അഷ്ടപതി





അവസാന അഷ്ടപതിയും പാടി ഞാനിന്നെന്‍റെ
മനസ്സിന്‍റെ ശ്രീകോവില്‍ അടയ്ക്കയാണ്.

ദേവീ; നീ കേട്ടതെന്‍ ഇടക്കതന്‍ നാദമല്ല 
മിടിക്കുമെന്‍ ഹൃദയത്തിന്‍ താളമാണ്

ഒരുവേള ഞാനീ സോപാന നടകളില്‍ 
ഒരു പൂജാ പുഷ്പമായ് വീണടിയാം

ഇനിയുമൊരു ജന്മം നീയെനിക്കേകുക
ഇടറുമെന്‍ കണ്‌ഠത്തില്‍ നിറയുമെന്‍ ഗീതം 
ഇടറാതേ   ഞാനൊന്നു പൂര്‍ണ്ണമാക്കാന്‍ 

ഗന്ധര്‍വനല്ല ഞാനെങ്കിലും നീയെനിക്കൊ-
രമ്പലപ്രാവിന്‍റെ ജന്മമേകൂ 

ഇനിയും തുറക്കാത്ത കോവിലിന്‍ മച്ചക-
ത്തിനിയുള്ള ജന്മം ഞാന്‍ കാത്തിരിക്കാം 

എന്നെങ്കിലും നിന്‍ മിഴിതുറന്നെന്നെ നിന്‍ 
ആത്മാവിനോടോന്നു  ചേര്‍ത്ത് വയ്ക്കൂ 

അല്ലെങ്കില്‍, എന്നേ നിനക്ക് ഞാനേകിയ
എന്നത്മാവിനെ നീ തിരിച്ചു നല്‍കൂ 



Tuesday, 19 June 2012

പ്രേയസിക്കായ്





നിദ്രയറ്റ രാത്രിയില്‍ 
നിതാന്ത സ്വപ്ന വീഥിയില്‍ 
എന്നുമുള്ളില്‍ ഓടിയെത്തും 
എന്‍റെ സ്വപ്ന ഗായികേ 

നമ്മള്‍ ചേര്‍ന്നു കണ്ടതില്ല 
നാളെതന്‍ കിനാക്കളും 
നമ്മള്‍ പങ്കുവച്ചതില്ല 
നല്ല നൂറുവേളയും 

എത്രയെത്ര രാത്രികളില്‍ 
എത്ര എത്ര താളുകളില്‍ 
എങ്ങനെ പകര്‍ത്തി വച്ചു
എന്‍റെ സ്വപ്നസാഗരം

നീയൊഴിഞ്ഞ ജീവിതം 
നിറമൊഴിഞ്ഞ പൂവുപോല്‍ 
നീയില്ലാത്ത നാളുകള്‍ 
മധുരമില്ലാ തേനുപോല്‍

നീ നടന്ന വഴികളില്‍ 
നിഴലുപോല്‍ തുടര്‍ന്നു ഞാന്‍ 
നീയിരുന്ന പടവുകളില്‍ 
ശലഭമായ് പറന്നു ഞാന്‍

നിന്‍റെ ജീവിതവീണതന്‍
തന്ത്രിയാവാന്‍  കൊതിപ്പൂ ഞാന്‍ 
നിന്‍റെ സ്വപ്ന ഗാനമതിന്‍
രാഗമായ് ക്ഷണിക്കുമോ 

എന്‍റെ സ്വപ്നദൂതുമായ്
പോകുമോ നീ തെന്നലേ 
എന്‍റെ രാഗ താളമായ് 
പെയ്യുമോ നീ മേഘമേ 

താരമേ നീ ചൊല്ലുമോ 
താഴെ വന്നാ കാര്യം 
താഴ്ന്നു പോയിടുന്നു ഞാനീ 
പ്രേമ സാഗരത്തിലായ്

രാക്കിളീ നീ പാടുമോ 
രാഗമൊന്നെന്‍ തോഴിക്കായ്
എന്‍റെ സ്വപ്ന വൃന്ദാവഹ്നിയില്‍ 
രാധയായ് മയങ്ങുവാന്‍ 

എന്‍റെ സ്വപ്ന മന്ദിരത്തില്‍ 
കുടിയിരിക്കും ദേവി നീ 
എന്തു കൊണ്ട് നീ മറന്നു 
എന്‍റെ മൂക വേദന 

എന്നു നീ മനസ്സിലാക്കും 
എന്‍ നിശബ്ധനൊമ്പരം 
എന്നു നീ അറിഞ്ഞിടും
എന്‍ ജീവിതത്തിന്‍ താളവും 

എവിടെ ഇന്നു നീയിരിപ്പൂ 
അറിയുകില്ലതെങ്കിലും 
കാത്തിരിപ്പൂ കണ്മണീ 
കാലമേറെയാകിലും

ഏതു ജന്മസീമയില്‍
എവിടെ വച്ചു കണ്ടു നാം 
ഇനിയുമെത്ര ദൂരമുണ്ട്
നമ്മളൊന്ന് ചേരുവാന്‍ 

ഇനിയുമുണ്ട് ജന്മമെങ്കില്‍ 
എന്‍റെതായ്‌ ജനിക്ക നീ
ജന്മ ജന്മാന്തരത്തിന്‍
തീരം തേടി പോയിടാന്‍...   

Saturday, 24 March 2012

മഴ




"I Always like Walking in the Rain, So No One can See me Crying."



തരിക നീ ഇന്നൊരുമഴ

ഒരു വേനല്‍മഴ

അല്ലെങ്കില്‍ ഒരു പെരുമഴ


മഴയത്തലയുമീ  എന്നെ നോക്കി

ലോകം ഭ്രാന്തനെന്നു വിളിക്കാം

കൂകിയാര്‍ക്കാം, പരിഹസിക്കാം


എങ്കിലും നീ തരിക

ഇന്നൊരുമഴ

ഒരു വേനല്‍മഴ

അല്ലെങ്കില്‍ ഒരു പെരുമഴ


ആര്‍പ്പുവിളിച്ചെത്തുമീ മഴതന്‍ ഗീതത്തില്‍

ആര്‍ത്തലക്കുമെന്‍ മനസ്സിന്‍റെ നാദം അലിഞ്ഞു ചേരട്ടെ

ലോകം കേള്‍ക്കട്ടെ ആ ആര്‍പ്പുവിളികള്‍ മാത്രം

അങ്ങനെ എന്‍ ആര്‍ത്തനാദത്തെ

മനസ്സിലാക്കാത്ത ലോകത്തെ

ഞാന്‍ കൂകിയാര്‍ത്തു പരിഹസ്സിക്കട്ടെ


അതിനായ് നീ തരിക

ഇന്നൊരു മഴ

ഒരു വേനല്‍മഴ

അല്ലെങ്കില്‍ ഒരു പെരുമഴ


കുളിരണിയിക്കുമീ മഴനീര്‍ത്തുള്ളിയില്‍

ഒരുകിയൊലിക്കുമെന്‍ മിഴിനീര്‍ത്തുള്ളികള്‍

ലയിച്ചു ചേരട്ടെ...

ലോകം കാണട്ടെ ആ മഴനീര്‍ത്തുള്ളിയെ

അങ്ങനെ എന്‍ മിഴിനീര്‍ത്തുള്ളിയെ

വേര്‍തിരിച്ചറിയാത്ത ലോകത്തെ

ഞാന്‍  കൂകിയാര്‍ത്തു പരിഹസ്സിക്കട്ടെ


അതിനായ് നീ തരിക

ഇന്നൊരു മഴ

ഒരു വേനല്‍മഴ

അല്ലെങ്കില്‍ ഒരു പെരുമഴ


മഴ തന്‍റെ താളമറിയുന്നു

ഞാന്‍ ഇന്നെന്‍റെ മനസ്സിന്‍റെ തേങ്ങല്‍ അറിയുന്നു

ഇതു രണ്ടുമറിയാത്ത ലോകമേ നീ എന്നെ പരിഹസ്സിക്കുന്നതെന്തിന്???

എന്നെ നീ പരിഹസ്സിക്കുന്നതെന്തിന്???