Tuesday, 25 June 2013

ഗ്രഹണം

ജെന്നീ, വർഷങ്ങൾക്കു ശേഷം നീയോർമ്മയിൽ വന്നു നിറയുകയാണ്... ഡെല്ലിയിലെ ലാൽ ബഹദൂർ ശാസ്ത്രി കോളേജ് ഗ്രൌണ്ടിലെ പൂത്തുലഞ്ഞ ഗുൽമോഹർ മരത്തിന്‍റെ ചുവട്ടിൽ, നിറഞ്ഞ കണ്ണുകൾ പരസ്പരം മറയ്ക്കാൻ നമ്മൾ പാടുപെടുകയായിരുന്നു... ഇല്ലാത്ത കാരണം പറഞ്ഞു തിരിഞ്ഞു നോക്കാതെ ഞാൻ യാത്രയാവുമ്പോൾ റിയർവ്യൂ മിററിലൂടെ ഞാൻ കണ്ട നിന്‍റെ അവസാന ചിത്രം... അന്ന് എന്‍റെ നിറഞ്ഞ കണ്ണുകളിൽ കാഴ്ച അത്ര വ്യക്തമായിരുന്നില്ല... എന്നാൽ ഇന്ന് വർഷങ്ങളുടെ റിയർവ്യൂ മിററിലൂടെ നോക്കുമ്പോൾ ഓർമ്മകൾക്ക് മിഴിവേറുന്നു... 


എന്നും ഞാൻ ഇങ്ങനെയാണ്. പറയാനുദ്ദേശിക്കുന്ന കാര്യത്തിൽ നിന്നും എപ്പോഴും വ്യതിചലിച്ചു പോകുന്നു... വർഷങ്ങൾക്കു ശേഷം ഒരു പുസ്തകത്തിന്‌ മുമ്പിൽ ഇത്രയും സമയം ചിലവഴിക്കുന്നത് ഇന്നാണ്...മിഥുനമാസ മഴ കോരിച്ചൊരിയുന്ന ഒരു സന്ധ്യയിൽ എം ടിയുടെ "മഞ്ഞ്" എടുക്കണമെന്ന് ഉദ്ദേശിച്ചാണ് ലൈബ്രറിയിലേക്ക് പോയത് . ജനാലകൾ പൂട്ടി വീട്ടിലേക്കു പോകാൻ തിടുക്കപ്പെടുന്ന പുതിയ ലൈബ്രെറെറിയൻ ആയി വന്ന പെണ്‍കുട്ടി മനസ്സിൽ വന്ന ദേഷ്യം പുറത്തു കാണിക്കാതെ, "സാരമില്ല സാർ, സാറിന് വേണ്ട പുസ്തകം നോക്കിക്കോളൂ" എന്ന് പറഞ്ഞെങ്കിലും കൂടുതൽ ആ പെണ്‍കുട്ടിയെ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല... ആദ്യം കയ്യിൽ കിട്ടിയ ഒരു പുസ്തകമെടുത്തു ഞാൻ തിരിച്ചു, സാറാ തോമസ്സിന്‍റെ "ഗ്രഹണം".

അലസ്സമായ വായനയിൽ എവിടെയോ ഞാൻ അനന്തപത്മനാഭൻ എന്ന കഥാപാത്രവുമായി താതാത്മ്യപെടുകയായിരുന്നു. ജെന്നീ, അതിലെ മരിയ എന്ന കഥാപാത്രത്തിന് നിന്‍റെ മുഖമായിരുന്നു. അനന്തുവും മരിയയും തമ്മിലുള്ള വിശുദ്ധമായ സ്നേഹബന്ധം, വാക്കുകൾ കൊണ്ട് നിർവ്വചിക്കാനാവാത്ത അവരുടെ സ്നേഹം... ഈ ഒരു കാര്യത്തിൽ മാത്രമാണ് ഞാൻ എന്ന അനന്തു, മരിയയിൽ നിന്നെ കണ്ടത്... നമ്മുടേത്‌ പോലെ നിർവ്വചിക്കാനാവാത്ത ഒരു ബന്ധമായിരുന്നു അവരുടെതും.

ആദ്യകുറേക്കാലം പൂത്തുനിൽക്കുന്ന വാകമരങ്ങളും, മുത്തൂറ്റ് ഗ്രൂപ്പിന്‍റെ ബോർഡുകളും നിന്‍റെ ഓർമ്മയെ എന്നിലെത്തിച്ചിരുന്നു. ഞാൻ ഒരിക്കലും മറക്കില്ല എന്ന് കരുതിയിരുന്നിട്ടു പോലും, മറന്നു പോയ നിന്നെ ഈ പുസ്തകം വീണ്ടുമെന്‍റെ മുൻപിലെത്തിച്ചപ്പോൾ ശരിക്കും ഗ്രഹണം നടന്നത് എന്‍റെ തലച്ചോറിലായിരുന്നു... വായന നിറുത്തി പഴയ ഡയറി തപ്പിയെടുത്തപ്പോൾ എന്നോ നീ ആവശ്യപ്പെട്ടതനുസരിച്ചു, നിനക്കായി എഴുതിയ ആ വരികൾ അറം പറ്റി പോയ വാക്കുകളായി അതിൽ ചിതറിക്കിടക്കുന്നു ...

"ഇന്ന് നീയെവിടെയെന്നറിവതില്ല
എങ്ങോട്ട് പോയി എന്നറിവതില്ല
എങ്കിലും ഒന്ന് ഞാനറിയുന്നിതോമലേ
നീയില്ലയെങ്കിലീ ജന്മമില്ല" 

ഈ വരിയിലെവിടെയോ നമ്മുടെ ബന്ധം പ്രണയമെന്നു തെറ്റുധരിക്കപ്പെട്ടാലോ എന്ന് കരുതി നിനക്ക് തരാതെ വച്ച കവിത!!!

നീറുന്ന കണ്ണുകൾക്കുള്ളിൽ നിറഞ്ഞു വരുന്ന ഈ കണ്ണുനീർത്തുള്ളികൾ പരിശുദ്ധമായ നമ്മുടെ ബന്ധത്തിൽ സ്ഫുടം ചെയ്തെടുത്ത തീർഥമായിരിക്കും.