Friday, 23 September 2011

പൊയ്മുഖം



പൊട്ടിച്ചിരിക്കുമെന്‍ പൊയ്മുഖം മാറ്റിയൊരു
നിദ്രയെ പുല്‍കാനീ; നിശയില്‍ പരതവേ
നിദ്രാവിഹീനമീ കണ്ണുകള്‍ മെല്ലെ  
നിശബ്ദമായ് നിറയുന്നതെന്തിനെന്നോ!!!

അകലത്തിലെങ്ങോ  കേള്‍ക്കുന്നു ഞാനിന്നും
ഒരു കൊച്ചു കിളിയുടെ ആര്‍ദ്രനാദം 
വേദന തിങ്ങുമാ രോദനം കേട്ടെന്‍റെ
നിറയുന്ന കണ്ണുകള്‍ പൂട്ടിക്കിടക്കവേ
ഏകാകിയാമൊരു രാപ്പാടി പോലെന്‍റെ
തേങ്ങുന്നോരാത്മാവും  ദൂരേക്ക് പാറവേ...

ആരോരുമറിയാതെ ഞാനെന്‍റെ മനസ്സിന്‍റെ
ജാലകപാളികള്‍ മെല്ലെ തുറക്കവേ
ഓര്‍മ്മകള്‍ ഒരു കുഞ്ഞു തെന്നലായ്
വന്നെന്‍റെ കാതോരം മെല്ലെ പാടുന്ന പാട്ടിതില്‍
താരാട്ടിന്‍ ശ്രുതിയല്ല, തളരുമെന്‍ ഹൃദയത്തില്‍
അലതല്ലും മൌനതിന്‍ അനന്തമാം നിശ്വനം.

അകലത്തു കേട്ടൊരാ കിളിതന്‍റെ ഗീതം
നേര്‍ത്തു നേര്‍ത്തിന്നെന്‍റെ മൌനത്തിലലിയവേ
ഘടികാര സൂചികള്‍ രഹസ്യമായ് മന്ത്രിപ്പൂ
കാലത്തിനൊപ്പം നീയോടിയെത്തീടുക
അണിയുക നീയ്യിന്നാ പൊയ്മുഖം വീണ്ടും
നിറയുന്ന നിന്മിഴി കാണാതിരിക്കുവാന്‍
"പൊട്ടിച്ചിരിക്കുക; ഏകാന്തരാത്രികള്‍
നിനക്കായ്‌ ഞാന്‍ തരാം പൊട്ടിക്കരയുവാന്‍"
മറക്കാതെ ഓര്‍മ്മിക്ക ഈയ്യൊരു വരിമാത്രം
ഒരു ചേറ്റുപ്പാട്ടായ്  നീ മാറുന്ന നാള്‍ വരെ...