ഹൃദയാക്ഷരങ്ങള്‍
ഇതിലെന്റെ കണ്ണുനീര്‍ത്തുള്ളി കാണാം... ഇതിലെന്റെ കരളിന്‍റെ തേങ്ങല്‍ കേള്‍ക്കാം... ഇതിനുള്ളിലായെന്റെ കനവിന് നിറങ്ങളും, പൊയ്പോയ കാലവും കാണാം... എന്‍ പൊയ്പോയ കാലവും കാണാം... ആരറിഞ്ഞതിലെന്റെ ഹൃദയാക്ഷരങ്ങളുടെ... പൊരുളാണ് തിരയുന്നതെന്ന്... എന്‍ ഹൃദയത്തിന് പൊരുളാണ് നിറയുന്നതെന്ന്...
Saturday, 26 July 2014
Tuesday, 25 June 2013
ഗ്രഹണം
ജെന്നീ, വർഷങ്ങൾക്കു ശേഷം നീയോർമ്മയിൽ വന്നു നിറയുകയാണ്... ഡെല്ലിയിലെ ലാൽ ബഹദൂർ ശാസ്ത്രി കോളേജ് ഗ്രൌണ്ടിലെ പൂത്തുലഞ്ഞ ഗുൽമോഹർ മരത്തിന്‍റെ ചുവട്ടിൽ, നിറഞ്ഞ കണ്ണുകൾ പരസ്പരം മറയ്ക്കാൻ നമ്മൾ പാടുപെടുകയായിരുന്നു... ഇല്ലാത്ത കാരണം പറഞ്ഞു തിരിഞ്ഞു നോക്കാതെ ഞാൻ യാത്രയാവുമ്പോൾ റിയർവ്യൂ മിററിലൂടെ ഞാൻ കണ്ട നിന്‍റെ അവസാന ചിത്രം... അന്ന് എന്‍റെ നിറഞ്ഞ കണ്ണുകളിൽ കാഴ്ച അത്ര വ്യക്തമായിരുന്നില്ല... എന്നാൽ ഇന്ന് വർഷങ്ങളുടെ റിയർവ്യൂ മിററിലൂടെ നോക്കുമ്പോൾ ഓർമ്മകൾക്ക് മിഴിവേറുന്നു...
എന്നും ഞാൻ ഇങ്ങനെയാണ്. പറയാനുദ്ദേശിക്കുന്ന കാര്യത്തിൽ നിന്നും എപ്പോഴും വ്യതിചലിച്ചു പോകുന്നു... വർഷങ്ങൾക്കു ശേഷം ഒരു പുസ്തകത്തിന് മുമ്പിൽ ഇത്രയും സമയം ചിലവഴിക്കുന്നത് ഇന്നാണ്...മിഥുനമാസ മഴ കോരിച്ചൊരിയുന്ന ഒരു സന്ധ്യയിൽ എം ടിയുടെ "മഞ്ഞ്" എടുക്കണമെന്ന് ഉദ്ദേശിച്ചാണ് ലൈബ്രറിയിലേക്ക് പോയത് . ജനാലകൾ പൂട്ടി വീട്ടിലേക്കു പോകാൻ തിടുക്കപ്പെടുന്ന പുതിയ ലൈബ്രെറെറിയൻ ആയി വന്ന പെണ്‍കുട്ടി മനസ്സിൽ വന്ന ദേഷ്യം പുറത്തു കാണിക്കാതെ, "സാരമില്ല സാർ, സാറിന് വേണ്ട പുസ്തകം നോക്കിക്കോളൂ" എന്ന് പറഞ്ഞെങ്കിലും കൂടുതൽ ആ പെണ്‍കുട്ടിയെ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല... ആദ്യം കയ്യിൽ കിട്ടിയ ഒരു പുസ്തകമെടുത്തു ഞാൻ തിരിച്ചു, സാറാ തോമസ്സിന്‍റെ "ഗ്രഹണം".
അലസ്സമായ വായനയിൽ എവിടെയോ ഞാൻ അനന്തപത്മനാഭൻ എന്ന കഥാപാത്രവുമായി താതാത്മ്യപെടുകയായിരുന്നു. ജെന്നീ, അതിലെ മരിയ എന്ന കഥാപാത്രത്തിന് നിന്‍റെ മുഖമായിരുന്നു. അനന്തുവും മരിയയും തമ്മിലുള്ള വിശുദ്ധമായ സ്നേഹബന്ധം, വാക്കുകൾ കൊണ്ട് നിർവ്വചിക്കാനാവാത്ത അവരുടെ സ്നേഹം... ഈ ഒരു കാര്യത്തിൽ മാത്രമാണ് ഞാൻ എന്ന അനന്തു, മരിയയിൽ നിന്നെ കണ്ടത്... നമ്മുടേത് പോലെ നിർവ്വചിക്കാനാവാത്ത ഒരു ബന്ധമായിരുന്നു അവരുടെതും.
ആദ്യകുറേക്കാലം പൂത്തുനിൽക്കുന്ന വാകമരങ്ങളും, മുത്തൂറ്റ് ഗ്രൂപ്പിന്‍റെ ബോർഡുകളും നിന്‍റെ ഓർമ്മയെ എന്നിലെത്തിച്ചിരുന്നു. ഞാൻ ഒരിക്കലും മറക്കില്ല എന്ന് കരുതിയിരുന്നിട്ടു പോലും, മറന്നു പോയ നിന്നെ ഈ പുസ്തകം വീണ്ടുമെന്‍റെ മുൻപിലെത്തിച്ചപ്പോൾ ശരിക്കും ഗ്രഹണം നടന്നത് എന്‍റെ തലച്ചോറിലായിരുന്നു... വായന നിറുത്തി പഴയ ഡയറി തപ്പിയെടുത്തപ്പോൾ എന്നോ നീ ആവശ്യപ്പെട്ടതനുസരിച്ചു, നിനക്കായി എഴുതിയ ആ വരികൾ അറം പറ്റി പോയ വാക്കുകളായി അതിൽ ചിതറിക്കിടക്കുന്നു ...
"ഇന്ന് നീയെവിടെയെന്നറിവതില്ല
എങ്ങോട്ട് പോയി എന്നറിവതില്ല
എങ്കിലും ഒന്ന് ഞാനറിയുന്നിതോമലേ
നീയില്ലയെങ്കിലീ ജന്മമില്ല"
ഈ വരിയിലെവിടെയോ നമ്മുടെ ബന്ധം പ്രണയമെന്നു തെറ്റുധരിക്കപ്പെട്ടാലോ എന്ന് കരുതി നിനക്ക് തരാതെ വച്ച കവിത!!!
നീറുന്ന കണ്ണുകൾക്കുള്ളിൽ നിറഞ്ഞു വരുന്ന ഈ കണ്ണുനീർത്തുള്ളികൾ പരിശുദ്ധമായ നമ്മുടെ ബന്ധത്തിൽ സ്ഫുടം ചെയ്തെടുത്ത തീർഥമായിരിക്കും.
Friday, 19 April 2013
മീരാ നീയെവിടേ...
പ്രിയ തോഴി നീ അറിയുന്നുവോ
നിറയുന്നോരെന്‍ ഈ ഗദ്ഗദം
കാണാതെ നീ മറയുന്നുവോ
ഉതിരുന്നോരീ മിഴിനീര്‍കണം
അറിയില്ല എന്‍ പ്രിയേ അകലത്തിരുന്നു നാം
അറിയാതടുത്തതും അണയാന്‍ കൊതിച്ചതും
അനുരാഗമെന്നൊരു ശിഖരത്തില്‍ നിന്നു നാം
പ്രണയാര്‍ദ്രമായൊരു ഗീതം പൊഴിച്ചതും
വിരഹാര്‍ദ്ര സന്ധ്യയില്‍ വിറയാര്‍ന്ന കൈവിരല്‍
തുമ്പിനാല്‍ പിടയുമീ വീണതന്‍ നാദവും
പ്രിയതോഴി നീ അറിയുന്നുവോ....
ഒരുനാളും തമ്മില്‍ നാം കണ്ടില്ലയെങ്കിലും
മനസ്സിന്‍റെ കണ്ണില്‍ നീ മായാതിരിപ്പൂ
നീയെങ്ങു പോയിന്നു മറയുന്നുവോ
ഇനി നാമൊന്നായ് ചേരില്ലയോ
ഇനിയുമീ വേദന താങ്ങുവാനാവില്ല
തിരികെ വന്നോര്‍മ്മകളെടുത്തു കൊള്‍ക
എന്‍റെ കരളിന്‍റെ വ്യഥ നീ എടുത്തു കൊള്‍ക...
പ്രണയം
അത് തിരകളായിരുന്നു
മെല്ലെ പാദങ്ങളെ ചുംബിച്ച തിരകൾ
പിന്നെടെപ്പോഴോ അഗാധതയിൽ നിന്നും
അനന്തതയിലേക്കുയർന്ന്; എന്നിലാകെ പടർന്ന്
പുനർനിർമ്മിക്കാനാവാത്ത വിധം
തകർത്ത്; പിൻവാങ്ങിയ തിരകൾ
മീരാ...
നീ നിറതിങ്കളായിരുന്നു
നിന്നോർമ്മകൾ ആത്മാവിൽ
നിലാവ് പൊഴിച്ചിരുന്നു
നീയെന്നുള്ളിൽ ലോപിച്ച് വരുന്നതും
ഒരു അമാവാസി ദിനത്തിൽ
ഞാൻ സ്വതന്ത്രനാകുന്നതും
സ്വപ്നം കണ്ടു... എന്നാൽ ഇന്ന്
വീണ്ടും ഓർമ്മകൾ ഉദിക്കുന്നു
നീ പൗർണ്ണമിയാകുന്നു
എന്നെ വേട്ടയാടുന്നു.
നിശാഗന്ധിപ്പൂക്കൾക്ക് നിന്‍റെ ഗന്ധമാണ്
നിലാവിന് നിന്‍റെ പുഞ്ചിരിയാണ്
നക്ഷത്രങ്ങൾക്ക് നിന്‍റെ കണ്ണിന്‍റെ തിളക്കമാണ്
ഇന്ന് രാക്കിളികൾ പാടുന്നത് എന്‍റെ വേദനയാണ്
നിന്നെ ഞാൻ എങ്ങനെ മറക്കും
മറവിയെന്നാൽ മരണമാണ്
നിന്നിൽ ഞാൻ മരിച്ചു കഴിഞ്ഞു
എന്നിൽ നീ പുനരുദ്ധരിക്കുന്നു
ഓർമ്മകൾ അമർത്യമാകുന്നു
ജീവിതം വ്യർഥമാകുന്നു
ഇനിയുമൊരു ജന്മം നാം കണ്ടുമുട്ടാം
വൃന്ദാവനത്തിൽ നാമൊന്നു ചേരാം
യമുനാതീരത്ത് പാട്ടുപാടാം
നീ ദ്വാപര ഗോപിക രാധയാകൂ
എന്നോർമ്മയിൽ മീരയായ് പുനർജ്ജനിക്കൂ
കല്ലുകൾ
എന്‍റെ കൈകളേക്കാൾ
കല്ലുകൾ എന്നും ഇഷ്ടപ്പെട്ടത്
ഭൂമിയുടെ ഗുരുത്വാകർഷണമായിരുന്നു
അവരെ ഞാൻ കൈ വിട്ടത്
അവരുടെ ഇഷ്ടങ്ങളിലേക്കായിരുന്നു
Wednesday, 13 February 2013
Subscribe to:
Posts (Atom)



