Friday, 23 September 2011

പൊയ്മുഖം



പൊട്ടിച്ചിരിക്കുമെന്‍ പൊയ്മുഖം മാറ്റിയൊരു
നിദ്രയെ പുല്‍കാനീ; നിശയില്‍ പരതവേ
നിദ്രാവിഹീനമീ കണ്ണുകള്‍ മെല്ലെ  
നിശബ്ദമായ് നിറയുന്നതെന്തിനെന്നോ!!!

അകലത്തിലെങ്ങോ  കേള്‍ക്കുന്നു ഞാനിന്നും
ഒരു കൊച്ചു കിളിയുടെ ആര്‍ദ്രനാദം 
വേദന തിങ്ങുമാ രോദനം കേട്ടെന്‍റെ
നിറയുന്ന കണ്ണുകള്‍ പൂട്ടിക്കിടക്കവേ
ഏകാകിയാമൊരു രാപ്പാടി പോലെന്‍റെ
തേങ്ങുന്നോരാത്മാവും  ദൂരേക്ക് പാറവേ...

ആരോരുമറിയാതെ ഞാനെന്‍റെ മനസ്സിന്‍റെ
ജാലകപാളികള്‍ മെല്ലെ തുറക്കവേ
ഓര്‍മ്മകള്‍ ഒരു കുഞ്ഞു തെന്നലായ്
വന്നെന്‍റെ കാതോരം മെല്ലെ പാടുന്ന പാട്ടിതില്‍
താരാട്ടിന്‍ ശ്രുതിയല്ല, തളരുമെന്‍ ഹൃദയത്തില്‍
അലതല്ലും മൌനതിന്‍ അനന്തമാം നിശ്വനം.

അകലത്തു കേട്ടൊരാ കിളിതന്‍റെ ഗീതം
നേര്‍ത്തു നേര്‍ത്തിന്നെന്‍റെ മൌനത്തിലലിയവേ
ഘടികാര സൂചികള്‍ രഹസ്യമായ് മന്ത്രിപ്പൂ
കാലത്തിനൊപ്പം നീയോടിയെത്തീടുക
അണിയുക നീയ്യിന്നാ പൊയ്മുഖം വീണ്ടും
നിറയുന്ന നിന്മിഴി കാണാതിരിക്കുവാന്‍
"പൊട്ടിച്ചിരിക്കുക; ഏകാന്തരാത്രികള്‍
നിനക്കായ്‌ ഞാന്‍ തരാം പൊട്ടിക്കരയുവാന്‍"
മറക്കാതെ ഓര്‍മ്മിക്ക ഈയ്യൊരു വരിമാത്രം
ഒരു ചേറ്റുപ്പാട്ടായ്  നീ മാറുന്ന നാള്‍ വരെ...  

Tuesday, 30 August 2011

ശോകാര്‍ദ്രഗീതം

അറിയുമോ നീയെന്‍റെ ഹൃദയഗീതം
എന്‍റെ ഹൃദയത്തില്‍ അലതല്ലും വിരഹഗീതം
അണയുമോ നീയ്യിന്നെന്‍ മനസ്സിന്‍റെ വീണയില്‍
ജീവന്‍റെ ശ്രുതി എന്നും മീട്ടിടുമോ - എന്‍റെ
ആത്മാവിന്‍ രാഗമായ് ചേര്‍ന്നിടുമോ

താഴ്വരയോളം നാം പാടി നടന്നത്
മാമലകള്‍ പോലും ഏറ്റു പാടി - അന്ന്
താഴ്വരയോളം നാം പാടി നടന്നത്
മാമലകള്‍ പോലും ഏറ്റു പാടി
ഇന്ന് ഞാന്‍ ഏകനായ് പാടുന്ന പാട്ടിതില്‍

എന്‍റെ വിഷാദം നീ അറിഞ്ഞിടുമോ - എന്‍റെ
ശോകാര്‍ദ്രഗീതം നീ അറിഞ്ഞിടുമോ

ദൂരെയാ കാഞ്ചനക്കൂട്ടിലെത്തീടുവാന്‍
തളരുമെന്‍ ചിറകുകള്‍ക്കാവതില്ല
എങ്കിലും മാറ്റൊലി കൊള്ളുമീ രോദനം
കേള്‍ക്കുവാനകുമോ ഇനിയും സഖി

ഇവിടെന്‍റെ സൂര്യനിന്നസ്ത്മിക്കുന്നു
ഇവിടെന്‍റെ ആത്മാവും വീണടിയുന്നു 

Saturday, 23 July 2011

പുനര്‍ജ്ജനി



അറിയുന്നതില്ലാരുമെന്‍ ആതാമാവിന്‍
നിശബ്ദമായ് തേങ്ങുമീ രോദനം
കണ്ടതില്ലാരുമെന്‍ മനസിന്‍റെ മാനത്ത്
പെയ്യാന്‍ കൊതിച്ചൊരാ മേഘങ്ങളേ

യാത്രയായ് പോയതാമിന്നലെകള്‍
ചക്രവാളങ്ങള്‍ തേടുമൊരു പക്ഷിയെപോല്‍
ഓര്‍മ്മകള്‍ പാറുന്നു
ഏതോ കിനാവിന്‍റെ
തീരങ്ങള്‍ തേടി
അലയുന്നൂ മൂകമായ്
ഒരു ഭ്രാന്തനേപ്പോല്‍
ഒരു ദിവാസ്വപ്നത്തെ
പിന്തുടര്‍ന്നെത്തീ ഞാനീ
പഴയകാലത്തിന്‍റെ നിലവറയില്‍...
                     **********

തുമ്പയും കൈതയും മുക്കുറ്റിപ്പൂവും
കൊങ്ങിണിക്കാടും വയലേലകളും
തോടും കുളങ്ങളും കുളക്കോഴിക്കൂട്ടവും
കുന്നിന്‍പുറങ്ങളും ചെമ്മണ്‍വഴികളും
അമ്പലം തന്നിലെ ഗായത്രിമന്ത്രവും
അമ്പലപ്രാവിന്‍റെ കുറുകലും
അരയാലിന്‍ ഇലകളെ തഴുകി തലോടി
സദാ ഗീതം പൊഴിക്കുമീ തെന്നലും
ചേര്‍ന്നൊരീ ശാന്തമാം ഗ്രാമത്തില്‍
എന്‍ ഓര്‍മ്മകള്‍ പുനര്‍ജനിക്കുമ്പോള്‍
വെറുമോരോര്‍മ്മയായ്
ഈ ഞാനും പുനര്‍ജനിക്കുന്നു

                           **********
ഇതാണെന്‍ ഓര്‍മ്മയിലെ വൃന്ദാവനം
ഗോക്കളും ഗോപികമാരുമായ് ഞാനീ
വൃന്ദാവനം തന്നില്‍ ജീവിച്ചു പോരവേ
കണ്ടു ഞാന്‍ രാധയെ
കണ്ണന്‍റെ തോഴിയെ
ആരിവള്‍!!!
ദേവലോകത്തിലെ അപ്സരസോ
ഗാന്ധര്‍വലോകത്തെ സുന്ദരിയോ
എന്‍ മാനസം തേടുന്ന താരകമോ!!!
                        
എവിടെയോ എപ്പോഴോ എന്നിലെ കാര്‍വര്‍ണ്ണന്‍
സാക്ഷാല്‍ കൃഷ്ണനായ്‌ മാറിയതറിയുന്നു ഞാന്‍
രാധതന്‍ കണ്ണനായി മാറിയെന്നറിയുന്നു ഞാന്‍!!!
                          
                                 **********
എന്നില്‍ കിളിര്‍ത്തോരാ പ്രണയത്തിന്‍ ശാഖകള്‍
പൂവിടും മുന്‍പ് ഞാന്‍ മധുരക്ക് പോയതും
നിശബ്ദപ്രണയത്തിന്‍ നോവതില്‍ ഞാനൊരു
വേടന്‍റെ ശരമേറ്റ പക്ഷിയായ്
ചിറകിട്ടടിച്ചതും വീണു പിടഞ്ഞതും
നീ അറിയാതെ പോയതെന്തേ സഖി!!!

                              **********
മധുരയില്‍ നിന്ന് ഞാനീ വൃന്ദാവനത്തില്‍
തിരികെയെത്തീയെന്നതറിയാമതെങ്കിലും
എന്തേ നീ എന്‍ ഗാനം കേട്ടതില്ല
മാറത്തണയുവാന്‍ വന്നതില്ല


ഒടുവില്‍ ഞാന്‍ വന്നൂ നിന്‍ തിരുമുഖം കാണുവാന്‍
കദനം നിറഞ്ഞോരാ നിന്‍ മിഴി കാണുവാന്‍
പരിഭവം നിറഞ്ഞോരാ നിന്‍ മൊഴി കേള്‍ക്കുവാന്‍
പരിതാപത്തോടെ എന്‍ മാറത്തു ചേര്‍ ക്കുവാന്‍

എന്നിട്ടുമെന്തേ എന്‍ ചാരെ നീ വന്നീല്ല !
നൊമ്പരത്തോടെ നിന്‍ പരിഭവം ചൊല്ലീല്ല!
സ്നേഹത്തോടെന്നെ നീ വാരി പ്പുണര്‍ന്നീല്ല!
മാധുര്യമേറുമാ ചുംബനം തന്നീല്ലാ!  

രാധേ മറന്നുവോ നീയീ-
വൃന്ദാവനത്തിലെ കണ്ണനെ
രാവില്‍ മയങ്ങുവാനാവാതെ
തേങ്ങുമൊരു യാദവഗോകുലപാലനെ!

                           **********
ഇനി ഞാന്‍ വരില്ല നിന്‍
വഴികളില്‍ നിഴലു പോല്‍
ഇനി ഞാന്‍ വരില്ല നിന്‍
പടവിലൊരു ശലഭമായ്

മൃതി ഒരു ഭ്രിത്യനായ് പിന്തുടര്‍ന്നീടവേ
സ്വച്ഛ്മൊരു തെന്നലായി നിന്‍ സ്മൃതി
എന്‍ ആത്മാവിന്‍ മൃതിയെ ജയിച്ചമൃത-
സഞ്ജീവനിയായ് എന്നില്‍ നിറയുമോ!
ജീവനില്‍ ശ്രുതി മീട്ടുമോ!
എന്നെ പുനര്‍ജനിപ്പിക്കുമോ!
എന്നെ പുനര്‍ജനിപ്പിക്കുമോ!!!

Friday, 22 July 2011

ആത്മാനുരാഗം



ഓര്‍മ്മകള്‍ മുള്ളുകളായ്
ഈ നെഞ്ചില്‍ തറച്ചേക്കാം
കണ്ണുനീര്‍ ചാലുകളും
ഇവിടേ ഉതിര്‍ന്നേക്കാം


എങ്കിലും തുടരുക
ഈയൊരു യാത്ര വീണ്ടും
മര്‍ത്യനീ ജന്മമെന്നാല്‍
തീരാത്ത യാത്രയല്ലേ !!!


കാലങ്ങള്‍ക്കപ്പുറത്തായ്
ദൂരങ്ങള്‍ താണ്ടി വീണ്ടും
മറ്റൊരു തീരത്തില്‍ നാം
ഇനിയും കണ്ടെത്തുമോ


ഓര്‍മ്മകള്‍ മരിക്കുകില്ലെ-
ങ്കിലും മരവിച്ചോരീ മുഖം
ഓര്‍മ്മിക്കുവാന്‍ 
നിനക്ക് സാധിക്കുമോ


അല്ലെങ്കില്‍ വെറുമൊരു
അപരിചിതരായി നാം
ഒരു ചെറു പുഞ്ചിരിയില്‍
വിട പറഞ്ഞകലുമോ


ഒരു പക്ഷേ ഓര്‍ത്തീടിലും
മിണ്ടുവാന്‍ ആവാത്തതാല്‍
ഓടിപ്പോയ് ഏകാകിയായ്‌
വിതുമ്പി കരയുമോ


മൂകമാം സന്ധ്യകളില്‍
മാനത്തു കാണുന്നൊരു
ഏകാന്ത താരകമായ്
ഞാന്‍ നിന്നെ കാണാനെത്താം

നിശയില്‍ നിശബ്ദമായ്
ജാലക വാതില്‍ക്കല്‍ നീ
പൂനിലാവുതിര്‍ക്കുമാ
പൂര്‍ണേന്ദു നോക്കി നില്‍ക്കെ

അകലെ ആരാമത്തില്‍
പൂത്തൊരു നിശാഗന്ധി
പൂവതിന്‍ സൗരഭ്യമായ്
ഞാന്‍ നിന്നരികിലെത്താം


കാതോര്‍ത്തിരുന്നാല്‍
നിനക്കെന്നുടെ ഗാനം കേള്‍ക്കാം
വീണ്ടും ഞാന്‍ രാപ്പാടിയായ്
നിനക്കായ് പാട്ടു പാടാം


യാമങ്ങള്‍ തീരുവോളം
യാമിനി നിനക്കായ് ഞാന്‍
ഒരു; യാഗമായ് എന്‍ ജീവ
ഗാനമിന്നാലപിക്കാം 


ഒടുവിലീ യാഗാഗ്നിയില്‍
ഞാന്‍ എരിഞ്ഞു തീരുമ്പോഴും
നിന്‍ ഓര്‍മ്മകള്‍ ഗീതങ്ങളായ്
എന്‍ ജീവനെ ഉണര്‍ത്തട്ടേ!


നിന്‍ ഓര്‍മ്മകള്‍ ഗീതങ്ങളായ്
എന്‍ ജീവനെ ഉണര്‍ത്തട്ടേ!!!

ജനിമൃതികള്‍ക്കപ്പുറം



മിഴിനീരിന്‍ താഴവരയില്‍ ഏകനായ്  കഴിയുമ്പോള്‍
സഖി ഞാനിന്നറിയാതെ നിന്‍ ഓര്‍മയിലലയുന്നു
വിട പറയാന്‍ ആവില്ലെന്ന് തേങ്ങി കരഞ്ഞിട്ടും
പറയാതെ പോയി നീയാ ജനിമൃതിയുടെ തീരത്തും

താരമായ്  തീര്‍ന്നു നീയാ മാനത്ത് നില്‍ക്കുമ്പോള്‍
താങ്ങുവാനാകുമോ എന്‍ കരളിന്‍റെ രോദനം
താഴത്തു വന്നു നീയെന്‍ ചാരത്തു നില്‍ക്കുമോ
മാറോടു ചേരുമോ... മാടി വിളിക്കുമോ...

സായാന്തനങ്ങളില്‍ സഞ്ചരിച്ചന്നു നാം
സായാഹ്ന സൂര്യനെ കൊതിയോടെ  നോക്കി നാം
സഹചാരിയായിന്നും നീ കൂടെ ഉണ്ടെന്നു
സഖി ഞാനിന്നറിയുന്നു സായൂജ്യമടയുന്നു

ഇനി നമ്മള്‍ കാണുകയില്ലെന്നറിയാമതെങ്കിലും
കാത്തിരിക്കുന്നു ഞാനീ മിഴിനീരിന്‍ തീരത്തും... (2)

യാത്രമൊഴി ചൊല്ലാതെ ഏകയായ് പോയി നീ
രാവിന്‍റെ യാമത്തില്‍ രാപ്പാടിയായി നീ
കാതങ്ങളേറെ ഞാന്‍ സഞ്ചരിച്ചേകനായ്
ഇനി എത്ര കാലം ഞാന്‍ കാത്തിരുന്നീടേണം

ഇനിയുണ്ട് ജന്മമെങ്കില്‍ എന്‍റെതായ്‌ തീരുക നീ
ഇല്ലെങ്കില്‍ ഈയെന്‍ ജന്മം പാഴാണെന്നോര്‍ക്കുക നീ ... (2)

Thursday, 16 June 2011

തണല്‍മരം


മണ്ണിന്നു മനസ്സിന്‍റെ ആഴമില്ലെന്നതാല്‍ 
ഞാന്‍ നട്ട തൈകള്‍ തളിര്‍ത്തതി ല്ല 
ഒടുവില്‍ ഞാന്‍ നട്ടു എന്‍ ആത്മാവില്‍ ഒരു മരം 
ഒരു പാടു ജീവന്നു തണലേകുവാന്‍


കാലപ്രവാഹത്തില്‍ ഏതോ വസന്തത്തില്‍ 
എന്‍ ആത്മാവിന്‍ ചില്ലകള്‍ പൂത്തുലഞ്ഞു 
ഒരുപാടു മിഴികള്‍ക്കു കുളിര്‍മ്മയേകി 
അതില്‍ ഒരുപാടു കിളികള്‍ കൂടൊരുക്കി 


ഒരുവേള; ഏതോ ശപിതമാം ഗ്രീഷ്മത്തില്‍  
 പൂക്കള്‍ കരിഞ്ഞും ഇലകള്‍ കൊഴിഞ്ഞും 
തണല്‍ മരം എന്നു നാം കരുതിയ പൂമരം 
ഇന്നൊരു പടുമരം മാത്രമായി 


ഒടുവില്‍ കിളികള്‍ ഉപേക്ഷിച്ചു പോയൊരാ കൂടും 
കൂട്ടര്‍ ഉപേക്ഷിച്ചു പോയൊരീ ഞാനും 
ഇന്നും കാത്തിരിക്കുന്നു ഏതോ കിളി തന്‍ വരവിനായ്
ഏതോ വസന്തത്തെ വാരിപൂകാന്‍...

Saturday, 11 June 2011

ഏകാകി



വരുമൊരു ജന്മത്തിന്‍ പുണ്യവും തേടി
പോയൊരു ജന്മത്തിന്‍ ശാപവും പേറി
യാത്ര തുടരുന്നോരീ ഏകാന്തപഥികനെ
യാത്രയിതാക്കാന്‍ വന്നതില്ലാരും...


പ്രിയസഖി; നീ പോലും വരുവാഞ്ഞതെന്തേ?
പ്രിയനുടെ ദുഖം നീ അറിയാഞ്ഞതെന്തേ?
വിട പറഞ്ഞകലുവാന്‍ കഴിയാവതാണോ ?
വിങ്ങുമീ ഹൃദയം നീ കാന്മാതെയാണോ?


അരുതരുതീ യാത്രയെന്നറിയാമതെങ്കിലും
തുടരേണമീ യാത്ര സന്ധ്യയോളം
മൂകമീ സന്ധ്യയില്‍ നിഴലായി മാറുവാന്‍
മോഹിച്ചു നീങ്ങുന്നോരേകാകി ഞാന്‍


സ്വപ്നങ്ങളൊക്കെയീ ചുടലപ്പറമ്പില്‍
ഉപേക്ഷിച്ചു ഭസ്മമായ് ഭാണ്ഡത്തില്‍ പേറി ഞാന്‍
ഏതൊരു പുണ്യതീര്‍ത്ഥത്തില്‍ മുങ്ങണം
പോയ ജന്മത്തിന്‍റെ ശാപമോക്ഷത്തിനായ്‌
പുതിയൊരു ജന്മത്തിന്‍ കര്‍മ്മകാണഡത്തിനായ്...

എവിടെയാണെന്‍ ആത്മാവ്



വസന്തം പോയ്‌ മറയുമ്പോള്‍
ഋതുക്കള്‍ മാറി വരുമ്പോള്‍
ഗ്രീഷ്മമേ എന്‍ ഓര്‍മ്മയില്‍
പോയ്‌ മറഞ്ഞ വസന്തമാണല്ലോ


നഷ്ടസ്വപ്നങ്ങള്‍ എന്‍റെയീ പൂന്തോപ്പില്‍
വ്യര്‍ഥമായ് നില കൊണ്ടീടുമ്പോഴും
മധുവുണ്ണാന്‍ വന്നൊരു മധൂപം പോലെ
നിന്നെ തേടി അലയുന്നീ ഭൂമിയില്‍


ഇവിടെ പൂക്കളില്ല, ശലഭമില്ല
അണ്ണാരക്കണ്ണനും വണ്ണാത്തി പുള്ളുമില്ല
ഇവിടെ അമ്പലമില്ല, ആല്‍ത്തറയില്ല
പോന്നോണമില്ല, പോന്നുഞ്ഞാല്‍ ഇല്ല
ആകെയുള്ളതെന്‍ ഓര്‍മ്മ മാത്രം
വ്യര്‍ഥമായ, നഷ്ടമയോരെന്‍ ഓര്‍മ്മ മാത്രം


എവിടെയാണെന്‍ ആത്മാവ്
പോയ്മറഞ്ഞ വസന്തതില്ലോ
കത്തിയെരിയുമീ ഗ്രീഷ്മത്തിലോ
വരുവാനിരിക്കുമൊരു ശിശിരത്തിലോ
അതോ പെയ്തു തോര്‍ന്നോരാ വര്‍ഷത്തിലോ


അറിയില്ല; ഇപ്പോഴും തേടുന്നു ഞാന്‍ എന്‍ ആത്മാവിനെ
പോയ്മറഞ്ഞ വസന്തത്തില്‍
വസന്തത്തിന്‍ ഓര്‍മ്മകളില്‍
ഓര്‍മ്മതന്‍ നോവുകളില്‍
എവിടെയാണെന്‍ ആത്മാവ്
എവിടെയാണെന്‍ ആത്മാവ് !!!

എന്‍റെ കവിതകള്‍



ഇതിലെന്‍റെ കണ്ണുനീര്‍ത്തുള്ളി കാണാം
ഇതിലെന്‍റെ കരളിന്‍റെ തേങ്ങല്‍ കേള്‍ക്കാം
ഇതിനുള്ളിലായെന്‍റെ കനവിന്‍ നിറങ്ങളും
പൊയ്പോയ കാലവും കാണാം എന്‍
പൊയ്പോയ കാലവും കാണാം...


ആരറിഞ്ഞതിലെന്‍റെ ഹൃദയാക്ഷരങ്ങളുടെ
ആരറിഞ്ഞതിലെന്‍റെ ഹൃദയാക്ഷരങ്ങളുടെ
പൊരുളാണ് തിരയുന്നതെന്ന് എന്‍
ഹൃദയത്തിന്‍ പൊരുളാണ് നിറയുന്നതെന്ന്