Saturday, 2 February 2013

സാന്ധ്യമേഘങ്ങള്‍



ഒരുമിച്ചു കൈകോര്‍ത്തു നാം പോയ വഴികളില്‍ 

ഏകനായ് ഞാനിന്നലയും നേരം  

മൂകമീ ജീവിതയാത്രയില്‍ ആത്മാവിന്‍ 

തേങ്ങലായ് നിന്നോര്‍മ്മ കൂടെയില്ലേ - ഒരു 

നോവിന്‍റെ നിഴലായ് കൂടെയില്ലേ???


ഗ്രീഷ്മവും വര്‍ഷവും വന്നുപോയെങ്കിലും 


വാസന്തമേ നീ വരാത്തതെന്തേ 

സ്വപ്നങ്ങള്‍ വാരി വിതറി നീ മറ്റൊരു 

വേനല്‍കിനാവായ്‌ മറഞ്ഞതെന്തേ???


ഏകാന്ത രാത്രിയില്‍ ദൂരത്തു നിന്നുമെന്‍ 

ആത്മദുഖം സഖീ കേള്‍ക്കാറില്ലേ

രാവിന്‍റെ യാമത്തില്‍ നോവിന്‍റെ തീരത്തു-

ന്നിന്നുമാഗാനം നീ കേള്‍ക്കാറില്ലേ

ഒരു രാക്കിളിപ്പാട്ടായ് നീ കേള്‍ക്കാറില്ലേ???



ചക്രവാളങ്ങള്‍ക്കുമപ്പുറത്തിന്നെന്‍റെ

ചിതയെരിയുന്നത് കാണുന്നില്ലേ 

സാന്ധ്യമേഘങ്ങള്‍ വന്നിന്നെന്‍റെ ഓര്‍മ്മയില്‍ 

തര്‍പ്പണം ചെയ്വത്  കാണുന്നില്ലേ???


ഇന്നെന്‍റെ  ഓര്‍മ്മയും ഗാനവും കാലമാം 


കേവഞ്ചിയേറി മാഞ്ഞുവല്ലേ

നിന്നോര്‍മ്മയില്‍ നിന്നും മറഞ്ഞുവല്ലേ???  

No comments:

Post a Comment