Monday, 11 February 2013

ദൈവം





ഇന്നലെ ഞാനൊരു യാത്ര പോയ്‌
എന്‍ ദേവനെ തേടി സ്വര്‍ഗ്ഗത്തിലേക്ക്

യാത്രയില്‍ പാതയോരത്ത് ഞാന്‍ കണ്ടൂ
വിശന്നു കരയുന്നൊരു പൈതലും അമ്മയും

ഒട്ടിയവയറുമാ നീട്ടിയ കരങ്ങളും
ആകെ മറന്നു ഞാന്‍ യാത്ര തുടരവേ

ദു:ശ്ശകുനം പോല്‍ കണ്ടു ഞാന്‍ മറ്റൊരു
വൃദ്ധനാം യാചകന്‍ മുട്ടിലിഴയുന്നു

കാരുണ്യമെന്നേ അകന്നൊരെന്‍ കണ്‍കളാ
മാനുഷകീടത്തെ ആട്ടിയകറ്റി

വേദനതന്നീ  ലോകത്തു നിന്നും കരകേറുവാന്‍
കയറി ഞാന്‍ അമ്പലോം പള്ളിയും

പിന്നിട്ട വഴികളില്‍ കണ്ടു ഞാനൊരുപാട്
രോദനങ്ങള്‍, നിറമിഴികള്‍, ഗദ്ഗധങ്ങള്‍

പാടെ അവഗണിക്കാന്‍ പാടവം നേടിയ
ജീവിതം തുടര്‍ന്നു ഞാന്‍ മോക്ഷത്തെ പുല്‍കുവാന്‍

അവസാനം ഞാനെത്തി മാനുഷര്‍ തന്‍
മനക്കണ്ണില്‍ മെനഞ്ഞോരാ സ്വര്‍ഗ്ഗലോകത്തില്‍

മൂകമാം  സ്വര്‍ഗ്ഗകവാടം തുറന്നു ഞാന്‍
ആകെ നടന്നു എന്‍ ദൈവങ്ങളെ തേടി

ചാരത്തുവന്നൊരാ ഖിന്നയാം സ്ത്രീ
ചോദിച്ചു "മര്‍ത്യാ നീ എന്തിനായ് വന്നൂ"

'കാണുവാന്‍ ഞാനെന്നും പൂജിക്കും ദൈവത്തെ
പാരിന്‍റെ രക്ഷയാം ലോകൈകനാഥനെ'

"നീ തേടും ദൈവങ്ങള്‍ ഭൂമിയിലാണിന്ന്
നാകവും നരകവും ഭൂമിയിലാണ് പോല്‍"""""

'ഇല്ല ഞാന്‍ കണ്ടില്ല ഭൂമിയില്‍ ദൈവത്തെ
ഇല്ലൊരു നാകവും നരകവും ധരണിയില്‍'

"എങ്ങനെയറിയും നിന്‍ ദൈവത്തെ മര്‍ത്ത്യാ
കണ്ടുവോ ദൈവത്തിന്‍ രൂപം നീ ഭൂമിയില്‍"""

'അലിവാര്‍ന്ന കണ്‍കളും, മുള്‍കിരീടവും ചൂടി
കനിവോടെ നില്‍ക്കുന്നു ക്രിസ്തുവെന്നൊരു ദൈവം

കണ്‍കളില്‍ ശ്രിംഗാരഭാവം കലര്‍ത്തി മയില്‍‌പീലി ചൂടി
നില്‍പ്പൂ കള്ളകൃഷ്ണനാം ദൈവം'

തെറ്റി നിനക്ക് ഞാന്‍ കാണിച്ചു തന്നീടാം
വിശ്വസൃഷ്ടാവാം ദൈവത്തിന്‍ രൂപം

പൈതലാം ദൈവത്തെ ചേര്‍ത്ത് പിടിച്ചു
പുഞ്ചിരി തൂകുന്നൊരു ദേവമാതാവ്,

അലിവാര്‍ന്ന കണ്‍കളാല്‍ കനിവോടെ നോക്കുന്ന
ദൈവത്തിന്‍ രൂപം ഞാന്‍ കണ്ടതെവിടെയോ

ഓര്‍ക്കുന്നു ഞാനന്ന് ദൈവത്തെ കണ്ടത്
പാരിലലയുന്നവര്‍ ഒരു വറ്റുചോറിനായ്

കേള്‍ക്കുന്നു ഞാനിന്നെന്‍ ഗുരുവിന്‍റെ വാക്കുകള്‍
കാണപ്പെടുന്ന സഹോദരന്‍ ഞാന്‍; നീ
കാണാതെ പോയൊരു ദൈവവും ഞാന്‍!!!!!!

4 comments: