Tuesday, 19 June 2012

പ്രേയസിക്കായ്





നിദ്രയറ്റ രാത്രിയില്‍ 
നിതാന്ത സ്വപ്ന വീഥിയില്‍ 
എന്നുമുള്ളില്‍ ഓടിയെത്തും 
എന്‍റെ സ്വപ്ന ഗായികേ 

നമ്മള്‍ ചേര്‍ന്നു കണ്ടതില്ല 
നാളെതന്‍ കിനാക്കളും 
നമ്മള്‍ പങ്കുവച്ചതില്ല 
നല്ല നൂറുവേളയും 

എത്രയെത്ര രാത്രികളില്‍ 
എത്ര എത്ര താളുകളില്‍ 
എങ്ങനെ പകര്‍ത്തി വച്ചു
എന്‍റെ സ്വപ്നസാഗരം

നീയൊഴിഞ്ഞ ജീവിതം 
നിറമൊഴിഞ്ഞ പൂവുപോല്‍ 
നീയില്ലാത്ത നാളുകള്‍ 
മധുരമില്ലാ തേനുപോല്‍

നീ നടന്ന വഴികളില്‍ 
നിഴലുപോല്‍ തുടര്‍ന്നു ഞാന്‍ 
നീയിരുന്ന പടവുകളില്‍ 
ശലഭമായ് പറന്നു ഞാന്‍

നിന്‍റെ ജീവിതവീണതന്‍
തന്ത്രിയാവാന്‍  കൊതിപ്പൂ ഞാന്‍ 
നിന്‍റെ സ്വപ്ന ഗാനമതിന്‍
രാഗമായ് ക്ഷണിക്കുമോ 

എന്‍റെ സ്വപ്നദൂതുമായ്
പോകുമോ നീ തെന്നലേ 
എന്‍റെ രാഗ താളമായ് 
പെയ്യുമോ നീ മേഘമേ 

താരമേ നീ ചൊല്ലുമോ 
താഴെ വന്നാ കാര്യം 
താഴ്ന്നു പോയിടുന്നു ഞാനീ 
പ്രേമ സാഗരത്തിലായ്

രാക്കിളീ നീ പാടുമോ 
രാഗമൊന്നെന്‍ തോഴിക്കായ്
എന്‍റെ സ്വപ്ന വൃന്ദാവഹ്നിയില്‍ 
രാധയായ് മയങ്ങുവാന്‍ 

എന്‍റെ സ്വപ്ന മന്ദിരത്തില്‍ 
കുടിയിരിക്കും ദേവി നീ 
എന്തു കൊണ്ട് നീ മറന്നു 
എന്‍റെ മൂക വേദന 

എന്നു നീ മനസ്സിലാക്കും 
എന്‍ നിശബ്ധനൊമ്പരം 
എന്നു നീ അറിഞ്ഞിടും
എന്‍ ജീവിതത്തിന്‍ താളവും 

എവിടെ ഇന്നു നീയിരിപ്പൂ 
അറിയുകില്ലതെങ്കിലും 
കാത്തിരിപ്പൂ കണ്മണീ 
കാലമേറെയാകിലും

ഏതു ജന്മസീമയില്‍
എവിടെ വച്ചു കണ്ടു നാം 
ഇനിയുമെത്ര ദൂരമുണ്ട്
നമ്മളൊന്ന് ചേരുവാന്‍ 

ഇനിയുമുണ്ട് ജന്മമെങ്കില്‍ 
എന്‍റെതായ്‌ ജനിക്ക നീ
ജന്മ ജന്മാന്തരത്തിന്‍
തീരം തേടി പോയിടാന്‍...   

No comments:

Post a Comment